ഇരിട്ടി: പടിയൂർ-കല്യാട് പഞ്ചായത്തിലെ കരവൂർ-കക്കോട് റോഡിന്റെ പാർശ്വഭിത്തി തകർന്ന് പ്രദേശവാസികൾ ദുരിതത്തിൽ. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് സമീപത്തെ വയലിലേക്ക് പതിച്ചു. ബാക്കിഭാഗം ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്.
പാർശ്വഭിത്തി പൂർണമായും ഇടിഞ്ഞതിന്റെ സമീപത്തായി മീറ്ററുകൾ നീളത്തിൽ ചെങ്കൽകെട്ട് പിളർന്ന് റോഡ് അപകടാവസ്ഥയിലാണ്. ഇതേതുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ വാഹനങ്ങൾ കടന്നുപോകരുതെന്ന് മുന്നറിയിപ്പ് ബാനറും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. മഴ കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ റോഡിൽ വിള്ളൽ വീണ ഭാഗം ഇടിഞ്ഞു വീഴുമെന്ന് നാട്ടുകാർ പറയുന്നു.
റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അടിയന്തരമായി അധികൃതർ ഇടപെട്ട് റോഡ് യാത്രയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.